പൊതു വിദ്യാലയങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ഈ വര്‍ഷത്തെ സ്‌കൂള്‍ വദ്യാര്‍ഥികളുടെ എണ്ണം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പുറത്തുവന്നിട്ടുണ്ട്. അതനുസരിച്ച് സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന കാണാം. പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റം തിരിച്ചറിഞ്ഞ് തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലേക്ക് അയക്കാന്‍ താല്‍പ്പര്യം കാണിച്ച രക്ഷിതാക്കളെയും, വിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുന്ന അധ്യാപകരെയും, ഇതിനെല്ലാം പിന്തുണ നല്‍കുന്ന ജനങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. രക്ഷിതാക്കളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണ, പൊതുവിദ്യാലയങ്ങളുടെ നിലവാരവും പശ്ചാത്തല സൗകര്യവും മെച്ചപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമായി നീങ്ങുന്ന സര്‍ക്കാരിന് പ്രചോദനവും പ്രോത്സാഹനവുമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും ഈ വര്‍ഷം ഒന്നാം ക്ലാസില്‍ 12,198 വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 5703 പേരും എയ്ഡഡ് വിദ്യാലയങ്ങളില്‍ 6495 പേരുമാണ് വര്‍ദ്ധിച്ചത്. ഇത് ഒന്നാം ക്ലാസിലെ മാത്രം കണക്കാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അഞ്ചാം ക്ലാസില്‍ 40,385 പേരും എട്ടാം ക്ലാസില്‍ 30,0083 പേരും മുന്‍വര്‍ഷത്തേക്കാള്‍ കൂടിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ്.. പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇത്രയും വര്‍ധന ഉണ്ടാകുന്നത്