കൈറ്റിന്റെ ഇ@ഉത്സവ് ആദ്യ ബാച്ച് പരിശീലനം പൂർത്തിയായി

ജില്ലയിലെ സര്‍ക്കാര്‍ എയിഡഡ് ഹൈസ്കൂളുകളിലെ 3310ഹായ് സ്കൂള്‍ കുട്ടിക്കൂട്ടംഅംഗങ്ങളെ ഉള്‍പ്പെടുത്തി നടത്തുന്ന ഇ@ഉത്സവ് ദ്വിദിന ക്യാമ്പിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍‍‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ് പഴയ ഐടി@സ്കൂള്‍ പ്രോജക്ട് ) ആണ് അനിമേഷന്‍, ഇലക്ട്രോണിക്സ്, ഹാര്‍ഡ്‌വെയര്‍, സൈബര്‍ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ് എന്നിങ്ങനെ അഞ്ചുമേഖലകളില്‍ വിദഗ്ധ പരിശീലനം ഉള്‍പ്പെടുന്ന ഇ@ഉത്സവ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ലയിൽ 106കേന്ദ്രങ്ങളിൽ 211 റിസോഴ്സ് പേഴ്സന്‍മാരെ ഉപയോഗിച്ചാണ് ഇ@ഉത്സവ് നടത്തുന്നത്

സ്കൂളുകളില്‍ നിലവിലുണ്ടായിരുന്ന ഐ.ടി ക്ലബിനെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് മാതൃകയില്‍ പരിഷ്കകരിച്ച് അഞ്ചു മേഖലകളില്‍ കുട്ടികള്‍ക്ക് തുടര്‍ച്ചയായി പരിശീലനം നല്‍കുകയും അതത് മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്ന തരത്തില്‍ സംസ്ഥാന തലത്തിൽ ഒരു ലക്ഷത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം‘ 2017 ജനുവരിയിലാണ് രൂപം കൊള്ളുന്നത്. ഇതിന്റെ തുടര്‍ച്ചയായി ആദ്യഘട്ടം സ്കൂള്‍തലത്തില്‍ പരിശീലനം നല്‍കി. തുടര്‍ന്ന് മുഴുവന്‍ കുട്ടികള്‍ക്കും എല്ലാ മേഖലകളേയും സ്പര്‍ശിക്കുന്ന രണ്ടു ദിവസത്തെ പൊതുപരിശീലനം വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നല്‍കി. ഇതിന്റെ തുടര്‍ച്ചയായാണ് അതത് മേഖലയിലുള്ള വിദഗ്ധ പരിശീലനം ലക്ഷ്യമിടുന്ന ഇ@ഉത്സവ് സംഘടിപ്പിക്കുന്നത്. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തിയാണ് പരിശീലനം.

സ്കൂളുകളില്‍ വിന്യസിച്ചിട്ടുള്ള ഇലക്ട്രോണിക്സ് കിറ്റുകളിലെ ബ്രിക്കുകള്‍ ഉപയോഗിച്ചുള്ള അഡ്വാന്‍സ്ഡ് സര്‍ക്കീട്ട് നിര്‍മാണം, കുഞ്ഞന്‍ കമ്പ്യൂട്ടറായ റാസ്‌പറിപൈ ഉപയോഗം, വിഷ്വല്‍ പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറായ സ്ക്രാച്ചുപയോഗിച്ച് എഡ്യൂടൈന്റ്മെന്റ് സോഫ്റ്റ്‌വെയറുകളുടെ വികസനം തുടങ്ങിയവ ഇലക്ട്രോണിക്സ് വിഭാഗത്തിനുള്ള ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍ ഇന്ത്യയുടെ 2017-ലെ കോഡ് ടു ലേന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍കൂടി ഈ കുട്ടികള്‍ക്ക് അവസരം ലഭിക്കും. സ്വന്തമായി കഥ കണ്ടെത്തി ലഘുഅനിമേഷന്‍ സിനിമ തയ്യാറാക്കലും വിവിധ ഗ്രാഫിക്സ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ഉള്ളടക്കം വികസിപ്പിക്കലുമാണ് അനിമേഷന്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

സ്കൂള്‍ വിക്കി പുതുക്കല്‍, സ്കൂള്‍ ന്യൂസ് ഡെസ്‌ക് രൂപീകരിച്ച് വാര്‍ത്തകള്‍ തയ്യാറാക്കി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കല്‍, ഇന്റര്‍നെറ്റ് മര്യാദകള്‍, സൈബര്‍ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ തുടങ്ങിയവ മലയാള കമ്പ്യൂട്ടിംഗ് സൈബര്‍ സുരക്ഷാ മേഖലയിലെ ക്യാമ്പുകളില്‍ കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനം ലഭിക്കും. ക്ലാസ്‌മുറികള്‍ ഹൈടെക് ആകുന്ന പശ്ചാത്തലത്തില്‍ ക്ലാസ്‌മുറികളില്‍ ഐടി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും, പരിപാലനം ഉറപ്പാക്കാനും തുടങ്ങി സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷന്‍, കണക്ടിവിറ്റി പ്രശ്നങ്ങള്‍വരെ ഹാര്‍ഡ്‌വെയര്‍ വിഭാഗത്തില്‍ കുട്ടികള്‍ തൊട്ടറിയും. മാലിന്യ നിര്‍മാര്‍ജനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്കൂള്‍തല സമിതിയില്‍ ഈ കുട്ടികള്‍കൂടി ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ അതുമായി ബന്ധപ്പെട്ട പ്രത്യേക പരിശീലനവും ഇ@ഉത്സവില്‍ നല്‍കുന്നുണ്ട്.

സൈബര്‍ മേഖലയിലെ ഇന്ത്യയില്‍ത്തന്നെ ഏറ്റവും വിപുലവും ബൃഹത്തായതുമാണ് ഹായ് സ്കൂള്‍ കുട്ടിക്കൂട്ടംകുട്ടികളുടെ ശൃംഖല. പരിശീലനം ലഭിച്ച കുട്ടികളുടെ ആദ്യ തുടര്‍പ്രവര്‍ത്തനം സ്കൂളുകളിലെ മറ്റു കുട്ടികള്‍ക്ക് ഈ പരിശീലനം നല്‍കുക എന്നതാണ്. ഇതിന്റെ ഗുണം ചുരുങ്ങിയത് 10 ലക്ഷം വരും ദിവസങ്ങളില്‍ കുട്ടികള്‍ക്ക് പ്രത്യക്ഷത്തില്‍ത്തന്നെ ലഭ്യമാക്കുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. ഇതിനുവേണ്ടിയുള്ള  വീഡിയോ ട്യൂട്ടോറിയലുകൾ എല്ലാ സ്‌കൂളുകൾക്കും കൈറ്റ് ലഭ്യമാക്കും. എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകും.

ആദ്യ ബാച്ചിൽ 1883 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ബാക്കിയുള്ളവർക്കായി അടുത്ത ബാച്ച് സെപ്റ്റംബര്‍ അവസാനവാരം നടക്കും. സ്‌കൂൾ തല പരിശീലനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ ആസൂത്രണവും ക്യാമ്പിൽ വെച്ച് നടക്കും.