കേരളം ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ ആദ്യ ‍ഡിജിറ്റല്‍ സംസ്ഥാനമാകുന്നു : വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ദിനാചരണത്തിന്റെ ഭാഗമായി KITE( കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍) ന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി നടത്തുന്ന സ്വതന്ത്ര സോഫ്‍റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റിന്റെ സംസ്ഥാനതല ഉല്‍ഘാടനം ഒക്ടോബര്‍ രണ്ടാം തിയ്യതി രാവിലെ 11.30 ന് തൃശൂര്‍ ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് ഹൈസ്കൂളിലെ KITE ജില്ലാ ഓഫീസില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസമന്ത്രി . KITE ജില്ലാ കോര്‍ഡിനേറ്റര്‍ സി . കെ. അജയ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അദ്ധ്യക്ഷം വഹിച്ച് ആമുഖപ്രഭാഷണം നടത്തി.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ 45000 ക്ലാസ് മുറികള്‍ ഹൈടെക് ആകുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ തെരഞ്ഞെടുത്ത നാല് നിയോജകമണ്ഡലങ്ങളിലെ മുഴുവന്‍ ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി ക്ലാസുകളും ഹൈടെക്ക് ആക്കുകയും ബാക്കി ഹൈസ്കൂളുകളിലെ ക്ലാസ് മുറികള്‍ ഹൈടെക്ക് ആക്കുന്നിനുള്ള ടെന്‍ഡര്‍ പൂര്‍ത്തീകരിച്ച് നവംബര്‍ മാസം മുതല്‍ തന്നെ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടുള്ളത് എന്ന് മന്ത്രി വ്യക്തമാക്കി. 2019 മാര്‍ച്ച് 31നു മുന്‍പ് കേരളത്തിലെ എല്ലാ സ്കൂളുകളും ഹൈടെക് ആക്കുന്നതിലൂടെ കേരളം ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. അദ്ധ്യാപക കേന്ദ്രീകൃതമായിരുന്ന വിദ്യാഭ്യാസത്തെ പൂര്‍ണ്ണമായും വിദ്യാര്‍ത്ഥികേന്ദ്രീകൃത വിദ്യാഭ്യാസവും ആധുനിക വിദ്യാഭ്യാസവും എന്ന രണ്ട് സങ്കല്‍പങ്ങളേയും സമന്വയിപ്പിച്ച് പഠനരീതിശാസ്ത്രത്തെ ആധുനികവത്കരിക്കുകയാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കൂടാതെ മതനിരപേക്ഷജനാധിപത്യ സങ്കല്‍പത്തില്‍ ഊന്നല്‍ നല്‍കുക വഴി സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ അറിവിന്റെ ജനാധിപത്യവത്കരണം സാക്ഷാത്കരിക്കുകയാണ് ആത്യന്തികമായി നടപ്പിലാകേണ്ടത്.

നമ്മുടെ സ്വാതന്ത്ര്യം കുറക്കുന്ന ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകള്‍ അവരുടെ താല്പര്യത്തെ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍, സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ പൂര്‍ണ്ണതയുടെ ആവിഷ്ക്കാരമാണ് നടപ്പിലാക്കുന്നത്. കുട്ടികളെ ചോദ്യം ചോദിക്കാന്‍ പ്രാപ്തരാക്കുന്നതിലൂടെ സ്വതന്ത്ര ചിന്ത അവരില്‍ വളര്‍ത്തുകയും അതിലൂടെ തനത് അഭിപ്രായങ്ങള്‍ പകര്‍ത്തി അവരുടെ ആശയങ്ങളെ സ്വന്തമായി രൂപകല്‍പന ചെയ്യാന്‍ സജ്ജമാക്കുന്ന വിദ്യാഭ്യാസരീതിയാണ് വളര്‍ന്നു വരേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്‍സ്റ്റാള്‍ ഫെസ്റ്റിന് ഓണ്‍ ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത കമ്പ്യൂട്ടറുകളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്കി. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംശയനിവാരണവുമായി ബന്ധപ്പെട്ട് ഐ ടി @ സ്കൂള്‍ ഉബുണ്ടു കസ്റ്റമൈസേഷന്‍ ഗ്രൂപ്പ് തലവനും മലപ്പുറത്ത് നിന്നുള്ള മാസ്റ്റര്‍ ട്രെയിനറുമായ അബ്ദുള്‍ ഹക്കിമിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിച്ചു കൊടുത്തു. ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയിലെ വിദ്യാര്‍ത്ഥികളും ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ പങ്കെടുത്തു. ജനങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനോട് കാണിക്കുന്ന ആഭിമുഖ്യം ഈ പരിപാടിയില്‍ പ്രകടമായിരുന്നു. കുട്ടികളുടെയും പൊതുജനങ്ങളുടേയും പങ്കാളിത്തം കൊണ്ട് ചടങ്ങ് വളരെ സജീവമായിരുന്നു.