തൃശൂർ റവന്യു ജില്ലാ സ്‌കൂൾ കലോത്സവം ചാലക്കുടിയിൽ

മുപ്പതാമത് തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് ചാലക്കുടിയില്‍ തിരശ്ശീല ഉയർന്നു. 27, 28, 29, 30 തീയതികളിലാണ് കലോത്സവം. നാലുദിവസമായി നടത്തുന്ന കലോത്സവത്തിന്റെ ആദ്യദിനം സ്റ്റേജിതര മത്സരങ്ങളാണ്. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഡിഡി കെ സുമതി പതാക ഉയർത്തി . കലോത്സവത്തിന്റെ ഉദ്ഘാടനം രാവിലെ പത്തിന് സേക്രഡ് ഹാര്‍ട്ട് സിജിഎച്ച്എസില്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും. മന്ത്രി വി എസ് സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ബി ഡി ദേവസി എംഎല്‍എ അധ്യക്ഷനാകും.
ചാലക്കുടി നഗരത്തിലെ 16 വേദിയിലാണ് ജില്ലാതല മത്സരം അരങ്ങേറുക. പ്രചാരണങ്ങളും, വേദികളും ഉള്‍പ്പെടെ ഒരുക്കം അവസാനഘട്ടത്തിലായി. സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കലാഭവന്‍മണിയുടെ പേരിലുള്ളതാണ് പ്രധാനവേദി. കല സാഹിത്യ രാഷ്ട്രീയ രംഗത്തെ മണ്‍മറഞ്ഞുപോയ പ്രഗത്ഭരായ ലോഹിതദാസ്, നടുവം കവികള്‍, ജോസ് പല്ലിശേരി, കുഴൂര്‍ നാരായണമാരാര്‍ തുടങ്ങിയവരുടെ പേരുകളിലാണ് മറ്റുവേദികള്‍.കലോത്സവത്തിനെത്തുന്ന ആറായിരത്തോളം വരുന്ന പ്രതിഭകള്‍ക്കും അധ്യാപകര്‍ക്കും വളണ്ടിയര്‍മാര്‍ക്കുമുള്ള ഊട്ടുപുര ക്രസന്റ് പബ്ളിക് സ്കൂളിലാണ്. ഭക്ഷണപ്പുരയുടെ പാലുകാച്ചല്‍ ഞായറാഴ്ച മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷാ പരമേശ്വരന്‍ അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ വിത്സണ്‍ പാണാട്ടുപറമ്പില്‍, കൌണ്‍സിലര്‍മാരായ വി ജെ ജോജി, ലൈജി തോമസ് എന്നിവര്‍ സംസാരിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് സമാപനസമ്മേളനം മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ബി ഡി ദേവസി എംഎല്‍എ അധ്യക്ഷനാകും. എംപിമാരായ ഇന്നസെന്റ്, പി കെ ബിജു എന്നിവര്‍ മുഖ്യാതിഥികളാകും. ബി ഡി ദേവസി എംഎല്‍എ ചെയര്‍മാനും ഡിഡി കെ സുമതി കണ്‍വീനറുമായ സംഘാടകസമിതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.