പുതുക്കിയ അധ്യാപക ബാങ്ക് ഡിസംബര്‍ 22ന്

2016-17ലെ തസ്തിക നിര്‍ണയിച്ചും അതിന്റെ അടിസ്ഥാനത്തില്‍ നടപ്പുവര്‍ഷത്തെ (2017-18) സംരക്ഷിത അധ്യാപകപട്ടിക പുതുക്കിയുമുള്ള അധ്യാപക ബാങ്ക് ഡിസംബര്‍ 22ന് നിലവില്‍വരും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എയ്ഡഡ് സ്കൂളുകളിലെ സംരക്ഷിതാധ്യാപകരുടെ പുനര്‍നിയമനം സംബന്ധിച്ച് വ്യക്തത വരുത്തി ഇറക്കിയ ഉത്തരവുപ്രകാരമാണ് തസ്തിക നിര്‍ണയത്തിനുള്ള സമയക്രമം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചത്.

മുഴുവന്‍ എയ്ഡഡ് സ്കൂളുകളിലെയും തസ്തികനിര്‍ണയ ഫയലുകളില്‍ അവശ്യം വേണ്ട രേഖകള്‍ ഉണ്ടെന്ന് ഡിഇഒ/എഇഒമാര്‍ ഉറപ്പാക്കി. കഴിഞ്ഞവര്‍ഷത്തെ തസ്തിക നിര്‍ണയിച്ചതിന്റെ അടിസ്ഥാനത്തിലുള്ള ഈ വര്‍ഷത്തെ തസ്തികനിര്‍ണയ ഉത്തരവുകള്‍ പരിഷകരിച്ച് ഇവ ഡിസംബര്‍ 15ന് എല്ലാ സ്കൂള്‍ മാനേജര്‍മാര്‍ക്കും പ്രധാനാധ്യാപകര്‍ക്കും നല്‍കും. തുടര്‍ന്ന് ഫയലുകളുടെ പരിശോധന നടക്കും. 20നകം നിലവിലുള്ള അധ്യാപക ബാങ്ക് ‘സമ്പൂര്‍ണ’ പോര്‍ട്ടലിലെ കുട്ടികളുടെ യുഐഡി നമ്പരിന്റെ അടിസ്ഥാനത്തില്‍ പരിഷ്കരിക്കും. തുടര്‍ന്ന് ഡിസംബര്‍ 22ന് www.education.kerala.gov.in വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ഈ സമയക്രമത്തില്‍ അണുവിട മാറ്റം അനുവദിക്കില്ലെന്നും വീഴ്ചവരുത്തിയാല്‍ നടപടി ഉണ്ടാകുമെന്നും ഡിപിഐ ഉത്തരവിലുണ്ട്. തസ്തികനിര്‍ണയ ഉത്തരവുകള്‍ വിതരണം ചെയ്യാന്‍ ഡിസംബര്‍ 15ന് പകല്‍ മൂന്നിന് പ്രധാനാധ്യാപകരുടെ യോഗം വിളിച്ചിട്ടുണ്ട്. എല്‍പിയില്‍ 150ഉം യുപിയില്‍ 100ഉം കുട്ടികളുള്ള പ്രൈമറി സ്കൂളുകളില്‍ ക്ളാസ് ചുമതലയില്‍നിന്ന് ഒഴിവാക്കപ്പെടുന്ന പ്രധാനാധ്യാപകന്റെ ക്ളാസ് ചുമതല ഒഴിവില്‍ സംരക്ഷിതാധ്യാപകരെ നിയമിക്കും. പുതിയ ഒഴിവുകളില്‍ 1:1 അനുപാതത്തില്‍ സംരക്ഷിതാധ്യാപകരെ നിയമിക്കും. 1979ന് ശേഷം നിലവില്‍വന്നതോ അപ്ഗ്രേഡ് ചെയ്തതോ ആയ എയ്ഡഡ് സ്കൂളുകളില്‍ പുതിയ തസ്തികകളില്‍ മുഴുവനും സംരക്ഷിതാധ്യാപകരെ നിയമിക്കും.