പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതോടൊപ്പം പഠനമികവിലൂടെ അന്താരാഷ്ട്ര നിലവാരം കൈവരിക്കാന്‍ ലക്ഷ്യമിട്ടു നടപ്പാക്കുന്ന പദ്ധതിയുടെ പുരോഗതി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷന്‍ വിലയിരുത്തി. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ധ്യക്ഷനായിരുന്നു.
ഒരു അക്കാദമിക്ക് വര്‍ഷത്തില്‍ 200 പഠനദിനങ്ങള്‍ ഉറപ്പാക്കുകയാണ് പഠനമികവ് കൈവരിക്കാന്‍ പ്രധാനമായും ചെയ്യുന്നുത്. ഇതിന്‍റെ ഭാഗമായി അദ്ധ്യാപക പരിശീലനങ്ങള്‍ കഴിവതും പ്രവൃത്തി ദിനങ്ങളില്‍ നിന്ന് ഒഴിവാക്കി. വിദ്യാഭ്യാസ മേളകളും മറ്റും ശനിയാഴ്ചകൂടി ഉള്‍പ്പെടുത്തി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പഠനദിനങ്ങളിലോ, പഠന സമയങ്ങളിലോ അദ്ധ്യപകരെ മറ്റു ജോലിക്ക് നിയോഗിക്കരുതെന്ന് സ്ഥാപനമേധാവികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 200 പഠനദിനവും ആയിരം പഠനമണിക്കൂറുകളും വേണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഈ ദിവസങ്ങള്‍ കണക്കാക്കിയാണ് പുസ്തകങ്ങളിലെ ഉള്ളടക്കവും പഠന പ്രവര്‍ത്തനവും തയ്യാറാക്കിയിട്ടുള്ളത്.

അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് 138 വിദ്യാലയങ്ങളുടെ വിശദമായ പദ്ധതിരേഖ കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇവയില്‍ 113 സ്കൂളുകള്‍ക്ക് കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ചു. ഇതുവഴി 565 കോടി രൂപയാണ് ലഭിക്കുക. 25 സ്കൂളുകള്‍ക്ക് ഉടനെ കിഫ്ബി അനുമതി പ്രതീക്ഷിക്കുന്നു. 125 കോടി രൂപ ഈ വിദ്യാലയങ്ങള്‍ വികസിപ്പിക്കുന്നതിന് ലഭിക്കും. 117 സ്കൂളുകളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഡിസംബര്‍ മാസത്തിനകം കിഫ്ബിയ്ക്ക് സമര്‍പ്പിക്കും. 2019 ജനുവരിയില്‍ അടിസ്ഥാന സൗകര്യവികസനം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിന് പഴയ കെട്ടിടങ്ങള്‍ പൊളിക്കേണ്ടതുണ്ടെങ്കില്‍ സമയബന്ധിതമായി അത് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ക്ലാസ്സുകളുടെ താല്‍ക്കാലിക പുനര്‍വിന്യാസം നടത്താനാണ് തീരുമാനം. കെട്ടിട നിര്‍മ്മാണം നടക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും.

1200 പൊതു വിദ്യാലയങ്ങളില്‍ ജൈവ വൈവിധ്യ പാര്‍ക്ക് സ്ഥാപിക്കുന്നതിന് സ്കൂളുകള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ആദ്യഘട്ടമായി 761 സ്കൂളുകള്‍ക്ക് പതിനായിരം രൂപവീതം അനുവദിച്ചു. 400 സ്കൂളുകള്‍ക്ക് രണ്ടാം ഘട്ടത്തില്‍ തുക അനുവദിക്കും.

കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനുള്ള ബേസ്ലൈന്‍ സര്‍വ്വേ എസ്.എസ്.എ.യുടെയും എസ്.സി.ഇ.ആര്‍.ടി. യുടെയും നേതൃത്വത്തില്‍ നടത്തി. സ്വതന്ത്രവായന, ഗണിതവിജയം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ലിറ്റില്‍ ഗലീലിയോ, സുരീലി ഹിന്ദി, നവപ്രഭ, ശ്രദ്ധ എന്നീ പദ്ധതികള്‍ പഠനനിലവാരം ഉയര്‍ത്തുന്നതിന് ആവിഷ്ക്കരിച്ചിട്ടുണ്ട്. ഓരോ വിദ്യാലയവും അക്കാദമിക്ക് മാസ്റ്റര്‍പ്ലാന്‍ ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. ജനുവരി 30നകം എല്ലാ സ്കൂളുകളിലും അക്കാദമിക്ക് മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാകും. അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ അതതു പ്രദേശത്തെ പൊതുജനങ്ങളുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് നടപ്പാക്കുക.

4775 സ്കൂളുകളില്‍ നാല്പത്തി അയ്യായിരം ക്ലാസ്സ് മുറികള്‍ ഹൈടെക് ആക്കിമാറ്റാന്‍ നടപടി ആരംഭിച്ചു. 493.5 കോടി രൂപ ഈ പദ്ധതിക്ക് കിഫ്ബിവഴി ലഭിക്കും. ഇതിന്‍റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. 60250 ലാപ് ടോപ്പുകള്‍ക്കും 43750 പ്രൊജക്ടറുകള്‍ക്കും ഓര്‍ഡര്‍ നല്‍കി. അദ്ധ്യപകര്‍ക്ക് വിഷയാധിഷ്ഠിതമായി ഐ.ടി. പരിശീലനം നല്‍കുന്നതാണ്.

യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, ധനമന്ത്രി തോമസ് ഐസക്ക്, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍, ആസൂത്രണ ബോര്‍ഡ് അംഗം കെ.എന്‍. ഹരിലാല്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി, തദ്ദേശ സ്വയംഭരണ സെക്രട്ടറി എ. ഷാജഹാന്‍, സാമൂഹ്യ നീതി സെക്രട്ടറി ബിജു പ്രഭാകര്‍, എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ പി.കെ. സുധീര്‍ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.