മലയാളത്തിളക്കം എല്ലാ സ്കൂളുകളിലും

കുട്ടികളുടെ മലയാളഭാഷാ പഠനം തിളക്കമുള്ളതാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മലയാളത്തിളക്കം പദ്ധതി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നു. ഭാഷാപ്രശ്നം നേരിടുന്ന ഒന്നുമുതല്‍ എട്ടാം ക്ളാസ്വരെയുള്ള കുട്ടികളെ കണ്ടെത്തി 25 മണിക്കൂര്‍ പരിശീലനംകൊണ്ട് മലയാളത്തില്‍ തിളക്കമുള്ളവരാക്കാനാണ് പദ്ധതി. കേരളത്തിലെ 3300 യുപി സ്കൂളുകളില്‍ പദ്ധതി വിജയകരമായി നടപ്പാക്കിയശേഷമാണ് സമയക്രമം പ്രഖ്യാപിച്ച് വ്യാപിപ്പിക്കുന്നത്. ജനുവരി രണ്ടാം വാരത്തോടെ സംസ്ഥാനത്തെ എല്ലാ കുട്ടികളും മലയാളത്തില്‍ അടിസ്ഥാനശേഷി നേടത്തക്ക വിധത്തിലാണ് സമയക്രമം തയ്യാറാക്കിയിരിക്കുന്നത്. 3, 4, 5, 6, 7 ക്ളാസുകാര്‍ക്കാണ് പ്രഥമ പരിഗണന. 20 കുട്ടികള്‍ വീതമുള്ള ബാച്ചുകളായി തിരിച്ചാണ് സ്കൂളുകളില്‍ പരിശീലനം നല്‍കുക. പ്രത്യേക മോണിട്ടറിങ്ങ് സമിതികള്‍ രൂപീകരിച്ച് ഉപജില്ല, ജില്ല, സംസ്ഥാന തലത്തില്‍ മോണിട്ടറിങ്ങ് നടത്തി പദ്ധതി പുരോഗതി വിലയിരുത്തും. പദ്ധതി വ്യാപകമാക്കുന്നതിന്റെ ഭാഗമായി എസ്എസ്എ 2451 ബിആര്‍സി അധ്യാപകര്‍ക്ക് അഞ്ച് ദിവസത്തെ പരിശീലനം ഈ വര്‍ഷം ആദ്യം നല്‍കിയിരുന്നു. ഇവര്‍ സംസ്ഥാനത്തെ 159 ബിആര്‍സികള്‍ക്കു കീഴിലുള്ള എല്‍പി, യുപി വിഭാഗം അധ്യാപകര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു.കോലഞ്ചേരി ടീച്ചേഴ്സ് ക്ളബ് കൈത്താങ്ങ്, കാസര്‍കോട് ഡയറ്റ്, എസ്എസ്എ സംയുക്തമായി നടത്തിയ സാക്ഷരം, മലപ്പുറം ഡയറ്റ് എന്റെ മലയാളം എന്നീ പദ്ധതികളാണ് മലയാളത്തിളക്കത്തിന് പ്രേരണയായത്. ടീച്ചേഴ്സ് ക്ളബ്ബ് സെക്രട്ടറിയും കറുകപ്പിള്ളി ഗവ. യുപി സ്കൂള്‍ അധ്യാപകനുമായ ടി ടി പൌലോസ് സംസ്ഥാനത്ത് 110ലേറെ സ്കൂളുകളില്‍ പദ്ധതി നേരിട്ടു നടപ്പാക്കി വിജയത്തിലെത്തിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം എസ്ഇആര്‍ടി അംഗീകാരത്തോടെ എസ്എസ്എ പദ്ധതി ഏറ്റെടുത്തു.