സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം 23 മുതല്‍ കോഴിക്കോട്ട്

നാളെയുടെ ശാസ്ത്രപ്രതിഭകളെ കണ്ടെടുക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് കോഴിക്കോട് ഒരുങ്ങി. നാലുനാള്‍ നീളുന്ന മേളയ്ക്ക് 23ന് തുടക്കമാകും. നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വ്യാഴാഴ്ച രാവിലെ പത്തിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തുന്നതോടെ മേളയ്ക്ക് തുടക്കമാകുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ എ പ്രദീപ്കുമാര്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ പത്തിന് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൌണ്ടില്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മേള ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് മൂന്നിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി ടി പി രാമകൃഷ്ണന്‍ സമ്മാനദാനം നിര്‍വഹിക്കും. വ്യാഴാഴ്ച രാവിലെ പത്തിന് നടക്കാവ് ജിജിവിഎച്ച്എസ്എസില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും.

ശാസ്ത്രോത്സവത്തില്‍ 217 ഇനങ്ങളില്‍നിന്നായി 6802 വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. പ്രവൃത്തിപരിചയ മേളയില്‍ 3500 പേരും ശാസ്ത്രമേളയില്‍ 1120 പേരും പങ്കെടുക്കും. ഗണിത ശാസ്ത്രമേളയില്‍ 924, സാമൂഹ്യശാസ്ത്രമേളയില്‍ 700,  ഐടി മേളയില്‍ 308, വൊക്കേഷണല്‍ എക്സ്പോയില്‍ 250 പേരും പങ്കെടുക്കും.

എഡിപിഐ ജിമ്മി കെ ജോസ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ കെ സുരേഷ്കുമാര്‍, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം  രാധാകൃഷ്ണന്‍, വിഎച്ച്എസ്ഇ അഡീഷണല്‍ ഡയറക്ടര്‍ എം ശെല്‍വമണി, പബ്ളിസിറ്റി കണ്‍വീനര്‍ കെ സി ഫസലുല്‍ ഹഖ്, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.