ഹരിതവിദ്യാലയം റിയാലിറ്റി ഷോ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു

പൊതുവിദ്യാലയങ്ങളുടെ മികവുകളും അനുഭവങ്ങളും പങ്കുവെയ്ക്കുന്ന കൈറ്റിന്റെ വിദ്യാഭ്യാസ റിയാലിറ്റി ഷോയായ ഹരിതവിദ്യാലയത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം തിരുവനന്തപുരം ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് നിര്‍വഹിച്ചു. സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യസ നയം ശരിയായ അര്‍ത്ഥത്തില്‍ ഏറ്റെടുക്കുന്ന വിദ്യാലയങ്ങള്‍ എങ്ങനെ ആയിരിക്കുമെന്നതിന്റെ ബോധ്യപ്പെടുത്തലാണ് ഹരിതവിദ്യാലയം റിയാലിറ്റി ഷോ എന്ന് ഷോയുടെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവും അക്കാദമിക് നിലവാരവും അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുകയാണ് ലക്ഷ്യം. അക്കാദമിക് മികവാണ് വിദ്യാലയത്തിന്റെ മികവ്. പരീക്ഷയില്‍ എ+ നേടുന്ന കുട്ടി ഏത് ജീവിത പരീക്ഷയിലും എ+ നേടുന്ന തരത്തിലും അക്കാദമിക് രംഗം മാറേണ്ടതുണ്ട് അതിനുള്ള ശ്രമമാണ് പൊതു വിദ്യാഭ്യാസ യജ്ഞത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി അക്കാദമിക് മാസ്റ്റര്‍ പ്‌ളാന്‍ അടുത്തവര്‍ഷം ഫെബ്രുവരിയോടെ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യം, അക്കാദമിക മികവ്, സാമൂഹിക പങ്കാളിത്തം, പുതുമയാര്‍ന്ന പഠന പാഠ്യേതര രീതികള്‍, പ്രകൃതിപഠനം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ഉപയോഗം തുടങ്ങി വ്യത്യസ്തമായ തലങ്ങളിലെ അപഗ്രഥനങ്ങളിലൂടെയാണ് മികച്ച ഹരിതവിദ്യാലയങ്ങളെ കണ്ടെത്തുക. ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച 500 വിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 100 വിദ്യാലയങ്ങളുടെ പ്രവര്‍ത്തന മികവുകള്‍ 75 എപ്പിസോഡുകളായി അവതരിപ്പിക്കും. ദൂരദര്‍ശന്‍, വിക്‌ടേഴ്‌സ് ചാനലുകള്‍ വഴി ഡിസംബര്‍ 4മുതല്‍ ഹരിതവിദ്യാലയം പരിപാടി സംപ്രേഷണം ചെയ്തു തുടങ്ങും.

യൂനിസെഫ് സോഷ്യല്‍ പോളിസി ഓഫീസര്‍ ഡോ പീയുഷ് ആന്റണി,നടിയും ഗവേഷകയുമായ സജിത മഠത്തില്‍,പരിസ്ഥിതി പ്രവര്‍ത്തകനും ഗവേഷകനുമായ പ്രൊഫ ഇ കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് സ്ഥിരം ജൂറി അംഗങ്ങള്‍. ഇവരെ കൂടാതെ ആര്‍ വി ജി മേനോന്‍, ഡോ ബി ഇക്ബാല്‍, ഡോ അച്യുത്ശങ്കര്‍ തുടങ്ങിയ പ്രമുഖര്‍ ഗസ്റ്റ് ജൂറി അംഗങ്ങളായി വിവിധ എപ്പിസോഡുകളില്‍ പങ്കെടുക്കും.

യോഗത്തില്‍ കൈറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത്,എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ ജെ പ്രസാദ്, ദൂരദര്‍ശന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ആര്‍ ബീന, സി ഡിറ്റ് രജിസ്ട്രാര്‍ ജി ജയരാജ്, വിക്‌ടേഴ്‌സ് ചാനല്‍ തലവന്‍ മുരുകന്‍ കാട്ടാക്കട തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.