സംസ്ഥാന സ്കൂള്‍കലോത്സവം: സംഘാടകസമിതി ഓഫീസ് ആരംഭവും ലോഗോ പ്രകാശനവും നടന്നു

അമ്പത്തെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് തൃശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുറന്നു. മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കലോത്സവത്തിന്റെ ലോഗോ കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ പ്രകാശനം ചെയ്തു.

തൃശൂരില്‍ ഈ കലോത്സവം കലയുടെ മഹാപൂരമാകുമെന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. പരിഷ്കരിച്ച മാന്വലോടെ നടത്തുന്ന കലോത്സവം പാഠപുസ്തകംപോലെ സ്വീകാര്യമാക്കുകയാണ് ലക്ഷ്യം. പരാതിരഹിതവും തര്‍ക്കരഹിതവുമായ കലോത്സവമായി ഇതു മാറണം. മേളയില്‍ എ ഗ്രേഡ് നേടുന്നവര്‍ക്ക് സാംസ്കാരിക സ്കോളര്‍ഷിപ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയായി. എംഎല്‍എമാരായ പ്രൊഫ. കെ യു അരുണന്‍, യു ആര്‍ പ്രദീപ്, കെ രാജന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജുള അരുണന്‍, കൌണ്‍സിലര്‍മാരായ വര്‍ഗീസ് കണ്ടംകുളത്തി, എം എല്‍ റോസി, സബ് കലക്ടര്‍ ഡോ. രേണു രാജ്, പ്രോഗ്രാം കണ്‍വീനര്‍ ടി വി മദനമോഹനന്‍ എന്നിവര്‍ സംസാരിച്ചു. ഡിപിഐ കെ ബി മോഹന്‍കുമാര്‍ സ്വാഗതം പറഞ്ഞു.2018 ജനുവരി ആറുമുതല്‍ പത്തുവരെ തൃശൂര്‍ നഗരത്തിലെ വിവിധ വേദികളിലാണ് കലോത്സവം. മന്ത്രി വി എസ് സുനില്‍കുമാര്‍ ചെയര്‍മാനും അഡീഷണല്‍ ഡിപിഐ ജെസി ജോസഫ് ജനറല്‍ കണ്‍വീനറുമായുള്ളതാണ് സംഘാടകസമിതി. മന്ത്രിയുടെ അധ്യക്ഷതയില്‍ സംഘാടകസമിതി യോഗം ചേര്‍ന്ന് കലോത്സവ നടത്തിപ്പിന്റെ അവലോകനം നടത്തി.