സംസ്ഥാന സ്കൂള്‍ കലോത്സവവേദികള്‍ക്ക് മരങ്ങളുടെയും ചെടികളുടെയും പേരുകള്‍

ജനുവരിയില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവവേദികള്‍ക്ക് കേരളത്തിലെ മരങ്ങളുടെയും പൂച്ചെടികളുടെയും പേരുകള്‍. സ്കൂള്‍ കലോത്സവം പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വേദികള്‍ക്കും പച്ചപ്പാര്‍ന്ന പേരുകള്‍.

കഥാകാരി മാധവിക്കുട്ടിയുടെ (കമലാ സുരയ്യ) സ്മരണയുണര്‍ത്തുന്ന ‘നീര്‍മാതളം’ ആണ് മുഖ്യവേദി. സന്ധ്യക്കുശേഷം സാംസ്കാരികപരിപാടികള്‍ നടക്കുന്ന വേദിയുടെ പേര് ‘നിശാന്ധി’. പാചകശാലയ്ക്ക് തൃശൂരിന്റെ നെല്ലിനമായ ‘പൊന്നാര്യന്‍’ എന്നും ഭക്ഷണപ്പന്തലിന് ‘സര്‍വസുഗന്ധി’യെന്നും പേരിട്ടു. ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി ഓഫീസിന്റെ പേര് ‘തുളസി’.നീലക്കുറിഞ്ഞി, തേന്‍വരിക്ക, ചെമ്പരത്തി, നീലോല്‍പ്പലം, നീര്‍മരുത്, നന്ത്യാര്‍വട്ടം, കുടമുല്ല, മഞ്ചാടി, കണിക്കൊന്ന, ചെമ്പകം, ദേവദാരു, പവിഴമല്ലി, നിത്യകല്യാണി, രാജമല്ലി, സൂര്യകാന്തി, നീലക്കടമ്പ്, ശംഖുപുഷ്പം, നീലത്താമര, അശോകം, കാശിത്തുമ്പ, ചന്ദനം, കേരം എന്നിങ്ങനെയാണ് ശേഷിക്കുന്ന 22 വേദിയുടെ പേരുകള്‍.മുഖ്യവേദിയായ നീര്‍മാതളത്തിനു പുറമെ സാംസ്കാരിക പരിപാടികള്‍ നടക്കുന്ന നിശാഗന്ധിയും നൃത്തപരിപാടികള്‍ക്കായുള്ള നീലക്കുറിഞ്ഞിയും തേക്കിന്‍കാട് മൈതാനിയിലാണ് ഒരുക്കിയിരിക്കുന്നത്.

ജനുവരി ആറുമുതല്‍ പത്തുവരെയാണ് സംസ്ഥാന സ്കൂള്‍ കലോത്സവം. വേദികളുടെ നാമത്തോടൊപ്പം അതതു മരങ്ങളുടെയും ചെടികളുടെയും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നതാണ്. കഴിഞ്ഞവര്‍ഷം കേരളത്തിലെ നദികളുടെയും പുഴകളുടെയും പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരുന്നത്.