സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിനുമുമ്പേ ‘ദൃശ്യവിസ്മയം’

കേരളത്തിന്റെ കലാ സാംസ്കാരിക പാരമ്പര്യ വിസ്മയങ്ങള്‍ ഒളിപ്പിച്ച ‘ദൃശ്യവിസ്മയം’ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിനുമുമ്പേ മിഴിതുറക്കും. സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി ആറിന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതിനു മുന്നോടിയായി തേക്കിന്‍കാട് മൈതാനിയിലെ കിഴക്കേ ഗോപുരനടയിലെ പ്രധാനവേദിക്കരികിലാണ് കേരളത്തിന്റെ തനതുകലകളെ ഉള്‍ക്കൊള്ളിച്ചുള്ള ‘ദൃശ്യവിസ്മയം’.

സ്കൂള്‍ കലോത്സവങ്ങളുടെ ചരിത്രത്തില്‍ പുത്തനധ്യായം കുറിക്കുന്നതാകും ഈ കലാവിരുന്ന്. തൃശൂരിന്റെ സ്വന്തം കലകളായ പുലികളി, കുമ്മാട്ടി, കാവടി, കേരളത്തിന്റെ തനതുകലകളായ തെയ്യം തിറ, പടയണി, പൂരക്കളി, മാര്‍ഗംകളി, കോതാമൂരി, ഒപ്പന, ദഫ്മുട്ട്, വേലകളി, കാളകളി, മയൂരനൃത്തം, അര്‍ജുനനൃത്തം, ചവിട്ടുനാടകം തുടങ്ങിയ കലാരൂപങ്ങളാണ് ദൃശ്യവിസ്മയത്തിലെത്തുക. ഘോഷയാത്ര ഒഴിവാക്കിയാണ് ഇക്കുറി ‘ദൃശ്യവിസ്മയം’ ഒരുക്കാന്‍ തീരുമാനിച്ചത്.

കിഴക്കേ ഗോപുരനടയുടെ വലതുഭാഗത്ത് 16 വൃക്ഷച്ചുവട്ടില്‍ പ്രത്യേകം തയ്യാറാക്കുന്ന വേദിയിലാണ് കലാകാരന്മാര്‍ പ്രകടനം നടത്തുക. ഓരോ വൃക്ഷച്ചുവട്ടിലും പ്രത്യേകം തട്ടടിച്ച് കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കും. കരിമ്പുലിയും പുള്ളിപ്പുലിയും കൊട്ടിനൊപ്പം ചുവടുവയ്ക്കും. ഇതോടൊപ്പം മയിലാട്ടവും കാളകളിയും ചവിട്ടുനാടകവുമുണ്ടാകും. വൃക്ഷച്ചുവട്ടിലെ കലാപരിപാടികള്‍ക്കൊപ്പം ആയിരം പേരുടെ മെഗാതിരുവാതിരകളിയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് മുഴുവന്‍ കലാകാരന്മാരും പ്രധാനവേദിക്കരികിലെത്തും.

രാവിലെ 8.30ന് ആരംഭിക്കുന്ന ‘ദൃശ്യവിസ്മയം’ 9.30ന് സമാപിക്കും. സൂര്യ കൃഷ്ണമൂര്‍ത്തിയാണ് ഡയറക്ടര്‍. പ്രധാനവേദിയില്‍ കലാമണ്ഡലം അധ്യാപകരും വിദ്യാര്‍ഥികളും അവതരിപ്പിക്കുന്ന നൃത്തവും ഗാനവും കോര്‍ത്തിണക്കിയുള്ള ദൃശ്യാവിഷ്കാരമുണ്ടാകും. മുരുകന്‍ കാട്ടാക്കടയുടെ നേതൃത്വത്തിലുള്ള സ്വാഗതഗാനാലാപനത്തോടെ ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കും.