സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വിപുലമായ ഒരുക്കങ്ങള്‍.

കലോത്സവ നടത്തിപ്പിനായി രൂപീകരിച്ച 21 സബ് കമ്മിറ്റികളുടെയും പ്രവര്‍ത്തനം രണ്ടാംഘട്ടത്തിലേക്ക് കടന്നു. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാരായ പ്രൊഫ. സി രവീന്ദ്രനാഥ്, വി എസ് സുനില്‍കുമാര്‍, ഡിപിഐ കെ വി മോഹന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി.ഗവ. മോഡല്‍ ഗേള്‍സ് സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയായി. ഡെപ്യൂട്ടി മേയര്‍ ബീന മുരളി, ഡെപ്യൂട്ടി കലക്ടര്‍ രേണുരാജ്, ഡിഡി കെ സുമതി തുടങ്ങി വിവിധ സബ്കമ്മിറ്റികളുടെ ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും യോഗത്തില്‍ സംസാരിച്ചു.
പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നുതവണ യോഗം ചേര്‍ന്നു. മുരളി പെരുനെല്ലി എംഎല്‍എ ചെയര്‍മാനും ടി വി മദനമോഹനന്‍ കണ്‍വീനറുമായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രാഥമിക ഒരുക്കങ്ങളായി. തേക്കിന്‍കാടിനുചുറ്റും 24 വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുക. കലോത്സവത്തിന്റെ പ്രോഗ്രാം ബ്രോഷര്‍ ചൊവ്വാഴ്ച ഔദ്യോഗികമായി പ്രകാശനം ചെയ്യും.

തേക്കിന്‍കാട് മൈതാനിയിലെ മൂന്ന് പ്രധാനവേദികള്‍ ഉള്‍പ്പെടെ, അക്വാട്ടിക് കോംപ്ളക്സില്‍ ഒരുക്കുന്ന ഭോജനശാലയുടെയും പന്തലുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. മീഡിയ കമ്മിറ്റിക്കും മറ്റുമുള്ള പവലിയനുകളുടെ നിര്‍മാണവും ആരംഭിച്ചുകഴിഞ്ഞു. കെ എ വര്‍ഗീസാണ് പന്തല്‍ക്കമ്മിറ്റിയുടെ കണ്‍വീനര്‍.

പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കിയാണ് കലോത്സവം നടത്തുക. പരിസ്ഥിതിസൌഹൃദമായി കലോത്സവം നടത്താനുള്ള റിപ്പോര്‍ട്ട് ചടങ്ങില്‍ ടി എന്‍ പ്രതാപന്‍ അവതരിപ്പിച്ചു. പ്ളാസ്റ്റിക്, ഫ്ളക്സ് എന്നിവ പൂര്‍ണമായി ഒഴിവാക്കും. സംഘാടകര്‍ക്ക് നല്‍കുന്ന ബാഡ്ജുകള്‍വരെ പാളയും തുണിയും ചേര്‍ത്താണ് നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്നേവരെ ഒരു കലോത്സവത്തിലും കാണാത്ത തരത്തിലുള്ള ഒരുക്കങ്ങളാണ് ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി ഒരുക്കുന്നത്.

നിയമപരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ സജീവമാക്കി. സിറ്റി പൊലീസ് കമീഷണര്‍ രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തില്‍ എട്ട് ഡിവൈഎസ്പിമാര്‍, 20 സിഐമാര്‍, അമ്പതോളം എസ്ഐമാര്‍ തുടങ്ങി അഞ്ഞൂറോളം പൊലീസിനെയാണ് സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്. സിറ്റി എസിപി പി വാഹിദാണ് സുരക്ഷാക്രമീകരണങ്ങളുടെ കോ ഓര്‍ഡിനേറ്റര്‍. കൂടാതെ, എസ്പിസി, എന്‍സിസി, എന്‍എസ്എസ് തുടങ്ങിയവയുടെ സേവനവും ഒരുക്കുന്നുണ്ട്. പ്രധാനകേന്ദ്രങ്ങളിലെല്ലാം ക്യാമറകള്‍ ഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു.

ഇക്കുറിയും പഴയിടം മോഹനന്‍ നമ്പൂതിരി പാചകപ്പുരയൊരുക്കും. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരത്തെയും ഭക്ഷണത്തിനുപുറമെ ഇടനേരങ്ങളില്‍ ചായയും പലഹാരവും ഒരുക്കും. പച്ചക്കറി സദ്യയാണ് ഒരുക്കുക. ഏതുതരത്തിലുള്ള വിഭവങ്ങളാണ് വേണ്ടതെന്ന് വരും ദിവസങ്ങളിലെ ഭക്ഷണക്കമ്മിറ്റി ചേര്‍ന്ന് തീരുമാനിക്കും. തേറമ്പില്‍ രാമകൃഷ്ണന്‍ ചെയര്‍മാനും ടി എ ബാബുദാസ് കണ്‍വീനറുമായുള്ള കമ്മിറ്റിയാണ് ഭക്ഷണത്തിന്റെ മുഴുവന്‍ കാര്യങ്ങളും നടപ്പാക്കുന്നത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവവിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പിന് പെരുമ്പിലാവ് ടി.എം.വി.എച്ച്.എസില്‍ ജനുവരി നാലിന് സ്വീകരണംനല്‍കും. സ്വീകരണപരിപാടിക്കുള്ള സംഘാകസമിതി രൂപവത്കരണയോഗം കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുമതി അധ്യക്ഷത വഹിച്ചു. കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് യു.പി. ശോഭന ചെയര്‍പേഴ്‌സണും, പ്രധാനാധ്യാപിക ലിസാ മാത്യു കണ്‍വീനറുമായ സംഘാടകസമിതി രൂപവത്കരിച്ചു.