
സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ പ്രധാനവേദിക്കരികില്‍ പ്രദര്‍ശനകേന്ദ്രം. 10,000 ചതുരശ്ര അടിവലിപ്പത്തില്‍ തയ്യാറാക്കുന്ന പന്തലില്‍ വിദ്യാഭ്യാസം, സാഹിത്യം, സംഗീതം, ചിത്രകല, പരിസ്ഥിതി, കൃഷി തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ചിത്രങ്ങളും ശില്‍പ്പങ്ങളും ഉല്‍പ്പന്നങ്ങളും മറ്റുമാണ് പ്രദര്‍ശിപ്പിക്കുക. എക്സിബിഷനില്‍ പൊലീസ്, എക്സൈസ് എന്നിവയ്ക്ക് പ്രത്യേക സ്റ്റാളുണ്ടാകും. വിദ്യാര്‍ഥിനികള്‍ക്ക് ആയോധനകല അഭ്യസിപ്പിക്കുന്നതിന് പൊലീസിന്റെ പ്രത്യേക ടീമുമുണ്ടാകും.കൃഷിവകുപ്പിന്റെ പച്ചക്കറിത്തോട്ടവും അപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനവുമാണ് എക്സിബിഷനിലെ പ്രധാന ആകര്‍ഷണം.
കലോത്സവങ്ങള്‍, വിദ്യാഭ്യാസ ഉന്നമനത്തിനുതകുന്ന തെരഞ്ഞെടുത്ത അപൂര്‍വ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സംസ്ഥാന ശാസ്ത്രമേളയില്‍നിന്ന് തെരഞ്ഞെടുത്ത മികച്ച കണ്ടുപിടുത്തങ്ങളും ഉപകരണങ്ങളും ചിത്രങ്ങളും പ്രദര്‍ശനത്തില്‍ കാണാനാകും. എട്ട് സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. ലഹരിക്കെതിരെയുള്ള കുട്ടികളുടെ കുറിപ്പുകളും വരച്ചതും ക്യാമറയില്‍ പകര്‍ത്തിയതുമായ ചിത്രങ്ങളും തുണിയില്‍ അച്ചടിച്ച് പ്രദര്‍ശനത്തിനുവയ്ക്കും. ഫ്ളക്സും പ്ളാസ്റ്റിക്കും ഒഴിവാക്കിയാണ് പ്രദര്‍ശനം. ശുചിത്വ കേരളം, ഹരിതകേരളം തുടങ്ങി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകളുമുണ്ട്. വിപണനമേളയുമുണ്ടാകും.
ജില്ലയിലെ സ്കൂളുകളിലേക്ക് ഒന്നരലക്ഷം കൂപ്പണുകള്‍ അച്ചടിച്ചു നല്‍കും. ഈ കൂപ്പണുകളുമായി കലോത്സവപ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നല്‍കും. ദിവസവും മൂന്ന് നറുക്കെടുപ്പുണ്ടാകും. മൊബൈല്‍ ഫോണുകള്‍, ലാപ് ടോപ്പുകള്‍, ടാബുകള്‍ തുടങ്ങിയവ സമ്മാനമായി നല്‍കും. മെഗാസമ്മാനമായി ഐ ഫോണ്‍ നല്‍കുമെന്നും പ്രദര്‍ശന കമ്മിറ്റി ചെയര്മാന് വര്‍ഗീസ് കണ്ടംകുളത്തി, കണ്‍വീനര്‍ എന്‍ സൈമണ്‍ ജോസ് എന്നിവര്‍ പറഞ്ഞു. പ്രദര്‍ശിപ്പിക്കാനുള്ള അപൂര്‍വങ്ങളായ ചിത്രങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും 25നുമുമ്പ് സംഘാടകര്‍ക്ക് അയച്ചുനല്‍കാം.ചിത്രങ്ങള്‍ kalamelathrissur2017@gmail.com എന്ന ഇമെയിലിലേക്ക് അയക്കണം. ഫോണ്‍: 9447828803. സംഘാടകര്‍ക്ക് ലഭിക്കുന്ന ചിത്രങ്ങളില്‍നിന്ന് തെരഞ്ഞെടുത്തവ എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കും.