‘ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം’ അംഗങ്ങള്‍ക്ക് ക്രിസ്‌തുമസ് അവധിക്കാലത്ത് പ്രത്യേക മൊബൈല്‍ ആപ്പ് നിര്‍മ്മാണ പരിശീലനം

സംസ്ഥാനത്തെ 30,000 ‘ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം’ അംഗങ്ങള്‍ക്ക് ക്രിസ്‌തുമസ് അവധിക്കാലത്ത് പ്രത്യേക മൊബൈല്‍ ആപ്പ് നിര്‍മ്മാണ പരിശീലനം നല്‍കാനുള്ള ക്രമീകരണങ്ങള്‍ കേരളാ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പൂര്‍ത്തിയാക്കി. ഓണാവധിക്കാലത്ത് കുട്ടിക്കൂട്ടം അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഇ@ഉത്സവ് 2017 ക്യാമ്പിന്റെ തുടര്‍ച്ചയായി ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും തുടര്‍പരിശീലനം നല്‍കുന്നു. ഡിസംബര്‍ 27 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ വിവിധ ബാച്ചുകളായാണ് കുട്ടികള്‍ക്ക് ഏകദിന പരിശീലനം നല്‍കുന്നത്. ഡ്രാഗ് & ഡ്രോപ് മാതൃകയില്‍ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ്വെയറായ ‘ആപ്പ് ഇന്‍വെന്റര്‍’ (app inventor) ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്.

വിഷ്വല്‍ പ്രോഗ്രാമിംഗ് സോഫ്റ്റ്വെയറായ സ്‌ക്രാച്ച് നിലവില്‍ എട്ടാം ക്ലാസിലെ ഐ.സി.ടി പാഠപുസ്തകത്തില്‍ എല്ലാ വിദ്യാര്‍ത്ഥികളും പരിചയപ്പെട്ടിട്ടുണ്ട്. പ്രോഗ്രാം കോഡിംഗിന്റെ നൂലാമാലകളില്ലാതെ, സോഫ്റ്റ്വെയറില്‍ ദൃശ്യമാകുന്ന കോഡ് ബ്ലോക്കുകള്‍ ക്രമീകരിച്ച് അനായാസേന ഇതുപയോഗിച്ച് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കാം.അമേരിക്കയിലെ പ്രശസ്തമായ മസാച്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) ആണ് നിലവില്‍ ആപ് ഇന്‍വെന്ററിനുള്ള പിന്തുണ നല്‍കുന്നത്. ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ക്രിസ്തുമസ് ഗാനം കേള്‍പ്പിക്കുന്ന ക്രിസ്മസ് ആപ്, ടൈപ്പ് ചെയ്യുന്നത് അതുപോലെ കേള്‍പ്പിക്കുന്ന ആപ്, മൊബൈലില്‍ മീഡിയ ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ആപ്, കൈറ്റിന്റെ വിവിധ വെബ്സൈറ്റുകള്‍ ഉപയോഗിക്കുന്നതിന് സഹായിക്കുന്ന കൈറ്റ് സൈറ്റ്‌സ് ആപ് തുടങ്ങിയവയാണ് ആപ് ഇന്‍വെന്റര്‍ വഴി കുട്ടികള്‍ തയ്യാറാക്കുക.

സംസ്ഥാനത്തെ എട്ട്, ഒന്‍പത് ക്ലാസുകളിലെ ഒരു ലക്ഷത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി കൈറ്റ് ആവിഷ്‌കരിച്ച ‘ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം’ പദ്ധതി ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐടി ശൃംഖലയായി മാറിക്കഴിഞ്ഞു. അനിമേഷന്‍, ഹാര്‍ഡ്വെയര്‍, സൈബര്‍ സുരക്ഷ, ഇലക്ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിംഗ് എന്നിങ്ങനെ അഞ്ചു മേഖലകളിലാണ് കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി വരുന്നത്. പരിശീലനത്തിന് എല്ലാ സബ്‌ജില്ലകളിലും കേന്ദ്രങ്ങള്‍ സജ്ജീകരിച്ചതായി കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഹൈടെക് സംവിധാനങ്ങള്‍ ക്ലാസ്മുറികളില്‍ പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും കുട്ടിക്കൂട്ടം അംഗങ്ങളെ സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങളും ഈ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.