58ാം സംസ്ഥാന സ്കൂള്‍ കലോത്സവം പൂര്‍ണമായും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തില്‍

58ാം സംസ്ഥാന സ്കൂള്‍ കലോത്സവം പൂര്‍ണമായും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാകും. കലോത്സവവുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കീഴില്‍ പൊലീസ്, എസ്പിസി, എന്‍സിസി, എന്‍എസ്എസ്, സ്ക്വൌട്ട് ആന്‍ഡ് ഗൈഡ്സ് തുടങ്ങിയവരുടെ സേവനം ഉറപ്പാക്കാന്‍ സിറ്റി പൊലീസ് കമീഷണര്‍ രാഹുല്‍ ആര്‍ നായരുടെ നേതൃത്വത്തില്‍ ചേര്‍ന്ന നിയമപരിപാലന കമ്മിറ്റി യോഗം തീരുമാനിച്ചു.
ജനുവരി ആറുമുതല്‍ പത്തുവരെ തൃശൂര്‍ നഗരത്തിലാണ് കലോത്സവം.പ്രധാനവേദിക്കരികില്‍ ഹെല്‍പ്പ് ഡസ്ക്, അന്വേഷണത്തിനും മറ്റുമായി ടോള്‍ഫ്രീ നമ്പര്‍, പാര്‍ക്കിങ്ങിന് പ്രത്യേകയിടം, സിസിടിവി ക്യാമറകള്‍, റിക്കവറിവാനുകള്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി, ആംബുലന്‍സുകള്‍, ഫയര്‍ ഹൈഡ്രന്റ് തുടങ്ങി എല്ലാ സംവിധാനങ്ങളും  കലോത്സവനാളുകളില്‍ ഉപയോഗപ്പെടുത്തും. കലോത്സവം തുടങ്ങുംമുമ്പുതന്നെ ഇവ പ്രവര്‍ത്തന സജ്ജമാകും. ഇതിനായി അഡ്മിനിസ്ട്രേറ്റീവ് എസിപി ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ചു.
സ്വരാജ് റൌണ്ടിനുചുറ്റും ക്രമീകരിക്കുന്ന 25 വേദികള്‍, ഗ്രീന്‍ റൂമുകള്‍, കുട്ടികളുടെ താമസസ്ഥലം, വിധികര്‍ത്താക്കളുടെ സംഗമകേന്ദ്രം എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷാ ക്രമീകരണമുണ്ടാകും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമിനെ നിയമക്കും. 245 ഇനങ്ങളിലായി 7500ഓളം കുട്ടികളാണ് കലോത്സവത്തിന് വിവിധ ജില്ലകളില്‍നിന്നെത്തുക. ഇതുകൂടാതെ കാണികളായി ഒരുലക്ഷത്തിറേപ്പേരെത്തും.സിസിടിവി ക്യാമറകളുടെ കണ്‍ട്രോള്‍റൂം പ്രധാനവേദിക്കരികിലാണ്.  ഷാഡോ പൊലീസിന്റെ പ്രവര്‍ത്തനം മുഴുവന്‍ സമയവുമുണ്ടാകും. വിധികര്‍ത്താക്കളെ ആര്‍ക്കും സ്വാധീനിക്കാനാകാത്തതരത്തില്‍ സുരക്ഷയൊരുക്കും. നഗരത്തിലെ പ്രധാന ആശുപത്രികളില്‍നിന്നുള്ള ഡോക്ടര്‍മാരെയും മറ്റും ഉള്‍പ്പെടുത്തി പ്രഥമശുശ്രൂഷാകേന്ദ്രവും തുറക്കും.